നമ്മൾ ഒരു ദ്വീപ് അല്ല സമുദ്രമാവുക.

നമ്മൾ ദ്വീപ് പോലെ ഒറ്റപ്പെട്ട് നിൽക്കാതെ എല്ലാം ലയിപ്പിക്കുന്ന സമുദ്രം ആവുക .


പ്രശ്നങ്ങൾ ഉണ്ട് എന്ന് നമ്മൾ നിലവിളിക്കും. ചുറ്റും അത് മാത്രം കാണും. ഓർക്കേണ്ട ഒരു കാര്യം മിക്കവാറും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ട് എന്നാണ്. ആദ്യം പ്രശ്നം ഉണ്ട് എന്ന് അംഗീകരിക്കുക. സ്വയം പരിഹാരം കാണാൻ ഇറങ്ങി തിരിക്കുക. നമ്മൾ മാറാൻ തയ്യാറാവുക. നമ്മൾ മാറാൻ തയാറെടുക്കുമ്പോൾ പ്രശ്നത്തിന് പരിഹാരം കാണാൻ ഒരു വാതിൽ തുറന്നു കിട്ടുന്നു 


ശരീരം തന്നെ ശ്രദ്ധിച്ചാൽ ഒരിടത്തു ഒരു മുറിവ് ഉണ്ടായാൽ കണ്ണ് കരയും. കൈകൾ ആ ഭാഗം തലോടും. മരുന്ന് വയ്ക്കും. ഈ ലോകം ഒരു ശരീരം ആയി കണ്ടാൽ ഒരിടത്തു പ്രശ്നം വരുമ്പോൾ മറ്റൊരാൾ സഹായമായി വരും. പരിഹാരം നിർദേശിക്കും. കോളനികളെ ശ്രദ്ധിച്ചാൽ ഇത് മനസിലാകും. അവിടെ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാം എന്നാലും ആവശ്യത്തിന് ഓടി എത്തുകയും ചെയ്യും.


നമ്മൾ ഈ ഭൂമിയിൽ വന്നു. ഒരുപാട് സഹായങ്ങൾ കിട്ടി. അതിന്റെ ഇരട്ടി തിരിച്ചു കൊടുക്കണം. അതാണ് പ്രകൃതി നിയമം. ആ വിശ്വ ജനനി നമ്മെ പഠിപ്പിക്കുന്ന പാഠവും അത് തന്നെ. മനുഷ്യൻ ഒഴികെ മറ്റു സൃഷ്ടികൾ അത് പാലിക്കുന്നു. മരങ്ങളും പുഴയും കാറ്റും എല്ലാം പഠിപ്പിക്കുന്ന പാഠം. 


ലോകം ഉള്ളം കയ്യിൽ എന്ന് അഭിമാനിക്കുന്ന മനുഷ്യൻ വീട്ടിൽ ഓരോ മുറിയിൽ തന്നെ തളച്ചിടുന്നു. കണ്ണാടി മാളികയിൽ ഇരുന്നു സഹ തപിക്കുന്നു. കണ്ണീർ ഒഴുക്കുന്നു. മണ്ണിൽ ഇറങ്ങി പ്രവർത്തിച്ചാൽ മാത്രമേ ഫലം കിട്ടൂ എന്ന് ഓർക്കാതെ. ആയിരം ലൈക്‌ അല്ല പ്രശ്ന പരിഹാരത്തിന് ഒരു ചെറു വിരൽ അനക്കാൻ ശ്രമിക്കാം. ഇവിടെ അതിന് ശ്രമിക്കുന്നവർ ഒറ്റ പ്പെടും. കാരണം പരിഹാരം ആർക്കും ആവശ്യമില്ല. പ്രശ്നം ഉണ്ട് എന്ന് പറഞ്ഞു കൊണ്ടിരിക്കുക എന്ന് മാത്രം. മുറിവ് മാന്തി മാന്തി അത് ഒരു സുഖം ആകുന്നത് പോലെ. വിശ്വസിച്ചു ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞാലോ അത് മറ്റുള്ളവരെയും അറിയിച്ചു അലക്കി വെളുപ്പിക്കും.


ഒരു സ്ത്രീ ജോലി തേടി ഇറങ്ങുമ്പോൾ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. അമ്മയുടെ റോൾ, വീട്ടു കാരുടെ ക്ഷേമം ഓഫീസിലെ ഉത്തരവാദിത്തം ഒക്കെ ഒരു പോലെ കൊണ്ട് പോകണം. മിക്കവാറും ആരുടെയും സഹായം കിട്ടാത്ത അമ്മമാർ കാണും. മുലയൂട്ടുന്ന അമ്മയാണെങ്കിൽ ആദ്യ നാളുകളിൽ കുഞ്ഞു കുടിക്കാതെ കെട്ടി നിൽ ക്കുന്ന വേദന ഓരോ നാഡിയും പൊട്ടി തകരുന്ന വേദന ആണ് അത്. ഒറ്റയ്ക്ക് ഓടി തളരുമ്പോൾ തന്റെ സങ്കടം പറയാൻ ഒന്ന് തല ചായ്ച്ചു കരയാൻ ഒരു തോൾ അവൾ അന്വേഷിക്കും. അത് കിട്ടാതെ വരുമ്പോൾ അവൾ ആവർത്തിച്ചു പരാതി പറയും സമ്മർദ്ദം കുറക്കാൻ ശരീരം സ്വയം ഒരു ശ്രമം നടത്തുന്നതാണ് ഇത്. പതിയെ അവർ വിഷാദത്തിലേക്ക് പോകാം.  കൂടെ ഉള്ളവർ അപ്പോഴെങ്കിലും സഹായിക്കാൻ ശ്രമിക്കുക. കാരണം മനസിന്‌ ഏൽക്കുന്ന മുറിവുകൾ ഭാവിയിൽ വലിയ ആഘാതം ആകും. പരിഹാരം തേടാൻ പറ്റാത്ത അവസ്ഥയിലേക്ക് അവർ പോയി എന്നും വരാം. 


അപ്പോൾ നമ്മുടെ ചുറ്റും നിൽക്കുന്നവരെ ഉയർത്തുന്ന ഒരു കൈ ആവുക അവരെ കേൾക്കാൻ ഒരു ചെവി ആവുക. നമ്മൾ ചെയ്യുന്ന ഈ ചെറിയ സഹായം ഒരു മനുഷ്യനെ ജീവിതത്തി ലേക്ക് തിരിച്ചു കൊണ്ട് വരാൻ കാരണമാകാം. നമ്മൾ ഇവിടെ ജനിച്ചു ജീവിച്ചു വെറുതെ അങ്ങ് പോവുകയല്ല ഒരാൾ എങ്കിലും നന്ദിയോടെ ഓർക്കാൻ ഇട വരുത്തി പോവുക.

Comments

Popular posts from this blog

ഭോജന മന്ത്രം

സ്നാന ശ്ലോകം

മഹാ മൃത്യുഞ്ജയ മന്ത്രം