വിശ്വാസം ആണ് വേണ്ടത്
ഒരിക്കൽ നാട്ടിൽ മഴ കിട്ടാതെ ജനങ്ങൾ വലഞ്ഞു. ഒടുവിൽ മഴയ്ക്ക് വേണ്ടി ഒരു യാഗം നടത്താൻ അവിടുത്തെ ആളുകൾ തീരുമാനിച്ചു. അങ്ങനെ പൂജ നിശ്ചയിച്ച ദിവസം ഒരു കുട്ടി മാത്രം കുടയുമായി വന്നു. ഇങ്ങനെ വിശ്വാസത്തിന്റെ കഥകൾ എത്ര വേണമെങ്കിലും പറയാം.
ഒരിടത്തു സപ്താഹം നടക്കുകയായിരുന്നു. ആളുകൾ കൂടിയപ്പോൾ മോഷണത്തിനു ഒരു കള്ളനും എത്തി ചേർന്നു. സപ്താഹത്തിന്റെ ആചാര്യൻ കഥ പറഞ്ഞു തുടങ്ങി. സർവ്വാഭരണ വിഭൂഷിതനായ ഉണ്ണി കണ്ണനെ വര്ണിക്കുകയാണ്. അമ്പാടിയിലെ ജനങ്ങൾക്ക് കണ്ണിനു ആനന്ദം വിതക്കുന്ന ഉണ്ണി കണ്ണന്റെ കഥ കേട്ടിരുന്ന കള്ളന് ഒരു ആഗ്രഹം ആ ഉണ്ണിയെ ഒന്ന് കണ്ടാൽ എത്ര മാത്രം ആഭരണം കിട്ടും. പിറ്റേന്ന് കള്ളൻ അമ്പാടി അന്വേഷിച്ചു പോയി. കണ്ണനെ കണ്ടു പിടിച്ചു. കള്ളന്റെ മനോഗതം അറിഞ്ഞ കണ്ണൻ തന്റെ ആഭരണങ്ങൾ എല്ലാം ഊരി നൽകി. പക്ഷെ ആ കള്ളന്മാരുടെ കള്ളൻ കള്ളന്റെ മനസ് ആണ് കട്ടെടുത്തതു.
അതിനു അടുത്ത ദിവസം കള്ളൻ ആഭരണങ്ങളുമായി സപ്താഹ സ്ഥലത്തു വന്നു. കഥാകാരൻ വര്ണിച്ച ഓരോ ആഭരണവും എടുത്തു കാട്ടി. ആചാര്യൻ കള്ളനെ കെട്ടി പിടിച്ചു. ``ഞാൻ വർഷങ്ങൾ ആയി ഈ കഥ പറഞ്ഞു കൊണ്ടിരിക്കുന്നു. വെറും അധര വ്യായാമം ആയി''. ഒരു തവണ കഥ കേട്ട ചോരൻ എല്ലാം വിശ്വസിച്ചു. കണ്ണനെ തേടി ഇറങ്ങി. നിഷ്കളങ്കമായി തന്നെ അന്വേഷിക്കുന്നവരുടെ മുന്നിൽ അവർ ആഗ്രഹിക്കുന്ന രൂപത്തിൽ പ്രത്യക്ഷപ്പെടാൻ പരമാത്മാവിനു കഴിയും.
നമുക്ക് വേണ്ടതും ഈ നിഷ്കളങ്ക ഭക്തി തന്നെ എന്ന് ഭഗവൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് പാലിക്കാൻ നമുക്ക് കഴിയുന്നില്ല അത് കൊണ്ടു നമുക്ക് അനുഭവങ്ങൾ ഉണ്ടാകുന്നില്ല.
Comments
Post a Comment